ദുബൈ നഗരത്തില്‍ ഒരു വീട്ടില്‍ ഒരു കുടുംബം എന്ന നിയമം കര്‍ശനമാക്കുന്നു. കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭയെ വിവരം അറിയിക്കണം.

ദുബൈ നഗരത്തില്‍ ഒരു വീട്ടില്‍ ഒരു കുടുംബം എന്ന നിയമം കര്‍ശനമാക്കുന്നു. നിയമവിരുദ്ധമായി ഷെയറിങ് വ്യവസ്ഥയില്‍ താമസിക്കുന്നവരെ പിടികൂടാന്‍ പരിശോധന ഊര്‍ജിതമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കി. വാടക താങ്ങാനാകാതെ ഷെയറിങ് വ്യവസ്ഥയില്‍ താമസിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് നടപടി തിരിച്ചടിയാകും.
ഒരു താമസ യൂണിറ്റില്‍ ഒന്നിലേറെ കുടുംബങ്ങള്‍ താമസിക്കുന്നത് ഒഴിവാക്കാന്‍ ദുബൈ നഗരസഭ കെട്ടിട ഉടമകള്‍ക്കും റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്കായി പരിശോധന ശക്തമാക്കും. ഒരു ഫ്ലാറ്റില്‍ നിരവധി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്നത് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ കണ്ടെത്തിയാല്‍ 1,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
നിയമലംഘനം ആവര്‍ത്തിച്ചാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കും. കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭയെ വിവരം അറിയിക്കണം. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുകയോ ബാച്ചിലര്‍മാര്‍ക്ക് മറിച്ചു നല്‍കുകയോ ചെയ്താല്‍ കെട്ടിടം വാടകക്ക് എടുത്തയാള്‍ക്കാണ് പിഴ. ചതുരശ്രയടിക്ക് 10 ദിര്‍ഹം എന്ന കണക്കിനാണ് പിഴ ചുമത്തുക.
അനധികൃതമായി മുറി വിഭജിക്കാന്‍ പാടില്ല.  റസിഡന്‍ഷ്യല്‍ മേഖലകളില്‍ കമ്പനികള്‍ ജീവനക്കാരെ താമസിപ്പിക്കാന്‍  പാടില്ല. പാം ജുമൈറ, ജുമൈറ ലേക്ക് ടവേഴ്സ്, ഡിസ്കവറി ഗാര്‍ഡന്‍, ഇന്റര്‍നാഷനല്‍ സിറ്റി എന്നിവിടങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. 

Comments