വഴിയോരത്ത് നിർത്തിയിട്ട വാഹനത്തിൽ കച്ചവടത്തിനു വച്ചിരിക്കുന്നതിൽ നിന്നു മാമ്പഴം നല്ലതു നോക്കി എടുക്കുമ്പോൾ ഉപഭോക്താവിനു കിട്ടിയത് കാർബൈഡ് പൊതികൾ.


പത്തനംതിട്ട ∙ വഴിയോരത്ത് നിർത്തിയിട്ട വാഹനത്തിൽ കച്ചവടത്തിനു വച്ചിരിക്കുന്നതിൽ നിന്നു മാമ്പഴം നല്ലതു നോക്കി എടുക്കുമ്പോൾ ഉപഭോക്താവിനു കിട്ടിയത് കാർബൈഡ് പൊതികൾ. ചോദ്യം ചെയ്തപ്പോൾ ബഹളമായി. വഴിയെ പോയവരെല്ലാം കൂടി ബാക്കി കാർബൈഡ് പൊതികൾ കൂടി കണ്ടെടുത്തതോടെ സംഗതി ഗൗരവമായി. ഒടുക്കം, ഭക്ഷ്യസുരക്ഷാ വിഭാഗമെത്തി സാംപിൾ ശേഖരിച്ചു. മുന്നൂറു കിലോഗ്രാം മാമ്പഴം അടക്കം ഒന്നര ടണ്ണോളം പഴങ്ങൾ പൊലീസ് പിന്നീട് മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കു മാറ്റി. രണ്ടു പേർക്കെതിരെ കേസ് എടുത്തു.
എന്നാൽ, ഒരു കടയിൽ ബഹളമായി എന്നറിഞ്ഞപ്പോൾ സമീപത്ത് വാഹനത്തിൽ കച്ചവടം നടത്തുന്നവരെല്ലാം മാമ്പഴം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി കച്ചവടം അവസാനിപ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ പാറക്കടവ് പാലത്തിനു സമീപത്താണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ എല്ലാ ദിവസവും പെട്ടി ഓട്ടോയിൽ പഴക്കച്ചവടം നടക്കാറുണ്ട്. ഈ പെട്ടി ഓട്ടോയിൽ നിന്നു മാമ്പഴം വാങ്ങാനെത്തിയ വാഴമുട്ടം സ്വദേശി സിന്ധുവിനാണ് മാമ്പഴക്കൂട്ടത്തിൽ നിന്നു കാർബൈഡ് പൊതി കിട്ടിയത്. മാമ്പഴം കൃത്രിമമായി പഴുപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതാണ് കാർബൈഡ്. ഇതേപ്പറ്റി സിന്ധു ചോദിച്ചു.
ഈ സമയത്ത് ഇതുവഴി പോകുകയായിരുന്ന യാത്രക്കാരും വിഷയത്തിൽ ഇടപെട്ടു. ഇതോടെ മറ്റു പഴങ്ങൾക്കിടയിൽ നിന്നും പൊതികൾ കിട്ടി. താൻ ജോലിക്കാരൻ മാത്രമാണെന്നും ഉടമ വേറെ ആളാണെന്നുമായിരുന്നു വിൽപനക്കാരനായ തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദിന്റെ ഒഴികഴിവ്. ഇതോടെ ഇയാൾ തന്ന നമ്പറിൽ ഉടമയെ വിളിച്ചപ്പോൾ പ്രശ്നമാക്കരുതേ എന്നായിരുന്നു അഭ്യർഥന. ആളുകളുടെ പരാതിയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പഴങ്ങൾ പരിശോധിച്ചു.
പഴങ്ങൾ പിന്നീട് മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കു മാറ്റി നശിപ്പിച്ചു. വിൽ‌പനക്കാരനും ഇയാൾക്ക് പഴം നൽകുന്ന മേലെ വെട്ടിപ്രം സ്വദേശി സമീറിനുമെതിരെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കേസ് എടുത്തിട്ടുള്ളത്. പാറക്കടവ് പാലത്തിനു സമീപം കാർബൈഡ് പിടിച്ചു എന്നറിഞ്ഞതോടെ റിങ് റോഡിൽ വാഹനം കൊണ്ടുവന്നിട്ട് പഴക്കച്ചവടം ചെയ്യുന്ന മറ്റുള്ളവർ കച്ചവടം അവസാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു. അഴൂർ ജംക്‌ഷനിലെ പെട്ടി ഓട്ടോയിൽ നിന്നു പരമാവധി പഴങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് ഓട്ടോകളിലും മറ്റുമായി മാറ്റിയാണ് കച്ചവടം അവസാനിപ്പിച്ചത്.

Comments