വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി മാത്രം ഉദ്ദേശിച്ചുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതി


വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി മാത്രം ഉദ്ദേശിച്ചുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രവാസി ഇന്‍ഷുറന്‍സ്. സാധാരണ എമിഗ്രേഷന്‍ നിയന്ത്രണമുള്ള ഡ്രൈവര്‍, ഹൌസ് മെയ്ഡ് തുടങ്ങിയ വിസ എടുക്കുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസി എടുക്കേണ്ടതുണ്ട്‌. ഒരു സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് എന്ന നിലയില്‍ ഒരു സേവനം എന്ന നിലയ്ക്ക് പൊതുമേഖല സ്ഥാപനമായ New India Assurance Company അവതരിപ്പിച്ചിട്ടുള്ള ഈ പദ്ധതിയ്ക്ക് പ്രീമിയം തുക തുച്ഛം ആയതിനാല്‍ വേണ്ടത്ര പരസ്യമോ പ്രചാരമോ ഈ പദ്ധതിയ്ക്ക് കമ്പനി കൊടുത്തിട്ടില്ല, പ്രത്യേകിച്ച് ഇതിന്റെ ഗുണഭോക്താക്കളായ പ്രവാസികളുടെ ഇടയില്‍. ഈ പദ്ധതിയില്‍ ആളെ ചേര്‍ക്കുന്നതിനുള്ള കമ്മീഷന്‍ കുറവായത് കൊണ്ട് എജെന്റുമാര്‍ ഇതിനു പ്രചാരം കൊടുക്കാറുമില്ല.
മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി കളും പ്രവാസികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് നിലവിലുള്ള മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ വളരെയധികം നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ പ്രവാസി ഭാരതീയ ഭീമാ യോജന പോളിസി എന്ന് നമ്മുക്ക് മനസ്സിലാകും. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ഈ പോസ്റ്റിലൂടെ സമ്പാദ്യം അവതരിപ്പിക്കുന്നത്‌.
ചേരാനുള്ള യോഗ്യതകള്‍ : 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ഇന്ത്യന്‍ പൌരന്‍. വിദേശ രാജ്യത്തു ജോലിക്കുള്ള സാധുവായ വിസ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് ഉണ്ടായിരിക്കണം.
പോളിസിയുടെ പ്രത്യേകതകള്‍ :
1. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാളുടെ മരണം അല്ലെങ്കില്‍ സ്ഥിര വൈകല്യം എന്നിവയ്ക്ക് 2 ലക്ഷം രൂപ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുന്നു.
2. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാളുടെ മരണം അല്ലെങ്കില്‍ സ്ഥിര വൈകല്യം ഉണ്ടാകുന്ന സാഹചര്യത്തില്‍ അയാളുടെ ജീവിത പങ്കാളിക്കും (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ) രണ്ടു കുട്ടികള്‍ക്കും (21 വയസ്സ് വരെ ) രോഗങ്ങള്‍, അപകടം എന്നിവ മൂലമുള്ള ആശുപത്രി ചെലവുകള്‍ക്ക്‌ 10,000 രൂപ വരെ ലഭിക്കുന്നു.
3. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടയാള്‍ മരണം അടഞ്ഞാല്‍ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനു വേണ്ട ചെലവുകളും സ്ഥിര വൈകല്യം കൊണ്ട് വിദേശ ജോലി നഷ്ടപ്പെട്ടാല്‍ നാട്ടിലേക്കു തിരിച്ചു വരുന്നതിനു ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്കും ഒരു സഹായിക്കും വേണ്ട എകണോമി ടിക്കറ്റ്‌ ചാര്‍ജും (സഹായിയുടെ റിട്ടേണ്‍ ടിക്കറ്റ്‌ ഉള്‍പ്പടെ) ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും.
4. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ വിസയുമായി വിദേശത്ത് എത്തിയ ശേഷം വാഗ്ദാനം ചെയ്ത ജോലി ലഭിക്കതിരിക്കുകയോ, ജോലിക്കുള്ള കണ്ടിഷനുകള്‍ മാറ്റുകയോ, ജോലിക്ക് ചേര്‍ന്ന് 3 മാസത്തിനുള്ളില്‍ വ്യക്തിയുടെ കുറ്റം കൊണ്ടല്ലാതെ പിരിച്ചു വിടപ്പെടുകയോ ചെയ്താല്‍ തിരിച്ചു നാട്ടിലേക്കു എത്തുന്നതിനുള്ള എകണോമി ടിക്കറ്റ്‌ ചാര്‍ജ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നതാണ്.
5. ഇന്‍ഷുറന്‍സ് കാലവധിക്കിടെ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്ക് വിദേശത്തു വെച്ച് രോഗമോ അപകടമോ സംഭവിച്ചു ഇന്ത്യയില്‍ വന്നു ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ നടത്തുകയാണെങ്കില്‍ 50,000 രൂപ വരെയുള്ള ചികിത്സ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി യില്‍ നിന്നും ക്ലെയിം ചെയ്യാവുന്നതാണ്.
6. ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ സ്ത്രീ ആണെങ്കില്‍ നാട്ടില്‍ വന്നു പ്രസവ ചെലവുകള്‍ക്കായി (ആദ്യത്തെ 2 കുട്ടികള്‍ക്ക് മാത്രം) 20000 രൂപ വരെ ഇന്‍ഷുറന്‍സ് കമ്പനി യില്‍ നിന്നും ക്ലെയിം ചെയ്യാവുന്നതാണ് .
പ്രീമിയം തുക:
6 മാസത്തേക്ക് - 562 രൂപ
1 വര്‍ഷത്തേക്ക് - 899 രൂപ
2 വര്‍ഷത്തേക്ക് - 1686 രൂപ
ഇത്രയും കുറഞ്ഞ പ്രീമിയം തുകയ്ക്ക് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കുന്ന
പോളിസികള്‍ വേറെ ഉണ്ടാകില്ല. പ്രവാസികള്‍ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേര്‍ന്നാല്‍ പോളിസി രേഖകളുടെ ഒറിജിനല്‍ നാട്ടില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://newindia.co.in/Content.aspx?pageid=115

Comments