ഇന്ത്യ അളവറ്റ അവസരങ്ങള്‍ ഉള്ള രാജ്യമെന്ന് നരേന്ദ്രമോദി

narendra-modi
ന്യൂഡല്‍ഹി: ഇന്ത്യ അളവറ്റ അവസരങ്ങള്‍ ഉള്ള രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്‌ളോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ആകുമ്പോഴേക്കും 20 ലക്ഷംകോടി ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെ മാറ്റുകയാണ് തന്റെ സ്വപ്നമെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന നയങ്ങള്‍ക്ക് രൂപം കൊടുക്കുന്ന ശ്രമങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്രം പൂര്‍ണ്ണമായി തുടച്ചു നീക്കുകയാണ് അടിസ്ഥാന ലക്ഷ്യം. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത് തന്നെ സര്‍ക്കാരിന്റെ നേട്ടമാണ്.
വിപുലമായ നിക്ഷേപങ്ങളാണ് ഇന്ത്യയിലേക്ക് വരുന്നത്. ആതുരസേവന രംഗത്തെ സംവിധാനങ്ങള്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കണം. ടൂറിസം രംഗത്തെ സാധ്യതകള്‍ വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടില്ല. പരിഷ്‌കാരങ്ങളുടെ ലക്ഷ്യം ജനന്‍മയായിരിക്കണം. സുസ്ഥിരമായ നയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.

Comments