വിദ്യാഭ്യാസ കച്ചവടം കോടതി കയറുന്നു

വിദ്യാഭ്യാസ കച്ചവടം കോടതി കയറുന്നു
kerala ഭിന്നശേഷിയുള്ള കുട്ടികളെ മറയാക്കി വിദ്യാഭ്യാസക്കച്ചവടം നടത്തുന്നതിനെതിരേ രക്ഷിതാക്കള്‍ ലോകായുക്‌തയെ സമീപിച്ചു. 28-നകം അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കാന്‍ എ.ഡി.ജി.പി: ബി. സന്ധ്യയെ ലോകായുക്‌ത ചുമതലപ്പെടുത്തി. ഭിന്നശേഷിയുള്ളവര്‍ പഠിക്കുന്ന 76 അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളെക്കൂടി എയ്‌ഡഡ്‌ ആക്കാന്‍ തീരുമാനിച്ചതോടെ മാനേജ്‌മെന്റുകള്‍ക്കു കോടികളുടെ കോഴ വാങ്ങാനാണു കളമൊരുങ്ങിയത്‌. കമ്മിഷന്‍ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു സ്‌കൂളുകള്‍ എയ്‌ഡഡാക്കുന്നതെന്നാണു സര്‍ക്കാര്‍ വാദം. എന്നാല്‍, കമ്മിഷനായി പ്രവര്‍ത്തിച്ചയാളാകട്ടെ ഇൗ വിഭാഗത്തില്‍പെട്ട സ്‌കൂളിലെ അധ്യാപകസംഘടനാ നേതാവും.

സംസ്‌ഥാനത്തു ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന 99 അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ എയ്‌ഡഡാക്കാനാണു സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ഇതില്‍ 23 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കി. ബാക്കി 76 സ്‌കൂളുകളുടെ കാര്യത്തില്‍ നടപടി പുരോഗമിക്കുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ വികസിപ്പിച്ച്‌ എങ്ങനെ അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാമെന്നു പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ കമ്മിഷന്റെ ശിപാര്‍ശപ്രകാരമാണു മന്ത്രിസഭായോഗതീരുമാനം. കമ്മിഷനെതിരേ ഗുരുതര ആരോപണവുമായാണു ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ലോകായുക്‌തയെ സമീപിച്ചത്‌. അധ്യാപകസംഘടനാ നേതാവായിരുന്നയാളാണു കമ്മിഷനെന്നും അദ്ദേഹത്തിന്റെ അടുത്തബന്ധു ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന അണ്‍എയ്‌ഡഡ്‌ സ്‌കൂളില്‍ അധ്യാപികയാണെന്നുമാണ്‌ ആരോപണം.

ഭിന്നശേഷിയുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളില്‍തന്നെ പഠിപ്പിക്കണമെന്നാണു വിദ്യാഭ്യാസാവകാശനിയമം നിഷ്‌കര്‍ഷിക്കുന്നത്‌. അവരുടെ മാനസികവളര്‍ച്ചയ്‌ക്ക്‌ മറ്റു കുട്ടികളുമായി ഇടപഴകേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. അതു പ്രോത്സാഹിപ്പിക്കാതെയാണ്‌ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ എയ്‌ഡഡ്‌ ആകുന്നതോടെ സര്‍ക്കാര്‍ ചെലവില്‍ അധ്യാപക, അനധ്യാപക നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്കു ലഭിക്കും. സാധാരണ സ്‌കൂളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആണെങ്കില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്‌കൂളുകളില്‍ 1:5 ആണ്‌. അതായത്‌ 40 കുട്ടികളുണ്ടെങ്കില്‍ എട്ട്‌ അധ്യാപക ഒഴിവുകളുണ്ടാകും. ഇതിലൂടെ ലക്ഷങ്ങള്‍ കോഴയായി വാങ്ങാനുള്ള സാഹചര്യമാണു സൃഷ്‌ടിക്കപ്പെടുന്നത്‌.
ഇത്തരം സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണു വേണ്ടതെന്നു രക്ഷിതാക്കളുടെ സംഘടനയായ പെയര്‍ കേരള ആവശ്യപ്പെടുന്നു. അധ്യാപകനിയമനമെന്ന ഒറ്റലക്ഷ്യമേ മാനേജ്‌മെന്റുകള്‍ക്കുള്ളൂവെന്നു പെയര്‍ കേരള ഭാരവാഹി സി.പി. അനില്‍ ആരോപിച്ചു. കമ്മിഷനും അണ്‍എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജ്‌മെന്റുകളും ചേര്‍ന്നാണു വിദ്യാഭ്യാസക്കച്ചവടത്തിനു കളമൊരുക്കിയത്‌. സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ പ്രാപ്‌തരാക്കണമെങ്കില്‍ ഭിന്നശേഷിയുള്ള കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കണം. അതിനുള്ള സൗകര്യമൊരുക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്‌.

എ.കെ.എസ്‌.ടി.യു. പ്രക്ഷോഭത്തിലേക്ക്‌

തിരുവനന്തപുരം: കച്ചവടലക്ഷ്യത്തോടെയാണ്‌ 23 സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കിയതെന്ന്‌ എ.കെ.എസ്‌.ടി.യു. ആരോപിച്ചു. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കുകയെന്നതാണു ദേശീയതലത്തില്‍തന്നെയുള്ള വിദ്യാഭ്യാസനയമെന്നിരിക്കേ പുതിയ എയ്‌ഡഡ്‌ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനു പിന്നില്‍ കച്ചവടലക്ഷ്യമാണുള്ളത്‌. ഇതിനെതിരേ ശക്‌തമായ പ്രക്ഷോഭം തുടങ്ങും. പുതുതായി 306 അണ്‍ എയ്‌ഡ്‌ഡ്‌ സ്‌കൂളുകള്‍ക്ക്‌ അംഗീകാരം നല്‍കിയ നടപടി പിന്‍വലിക്കണം. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ എത്താത്ത സാഹചര്യമാകും ഇതുണ്ടാക്കുകയെന്ന്‌ എ.കെ.എസ്‌.ടി.യു. സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. ശരത്‌ചന്ദ്രന്‍നായരും ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാറും ആരോപിച്ചു.

Comments